തൃപ്പൂണിത്തുറ: കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തൃശൂർ ചൂലിശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ (19) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിൽ ശനിയാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. വടക്കേക്കോട്ട ഭാഗത്ത് നിന്നും എസ്.എൻ. ജംഗ്ഷനിലെത്തിയ ബസ് കിഴക്കേക്കോട്ടയിലേയ്ക്ക് തിരിയുന്നതിനിടെ റിഫൈനറി റോഡിൽ നിന്നും ജംഗ്ഷനിലേയ്ക്കെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വടക്കേക്കോട്ടയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് വൈറ്റിലയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രാവിലെ 6.15 ഓടെ മരിച്ചു.
പനങ്ങാട് ഫിഷറീസ് കോളജിൽ ബിടെക്ക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ അർജുൻ സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലെത്തിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു ബൈക്കിൽ വേറൊരു കൂട്ടുകാരനും പിന്നാലെയുണ്ടായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ നടക്കും. പിതാവ് ജയചന്ദ്രൻ മലപ്പുറത്ത് ട്രഷറി ഓഫീസറാണ്. അമ്മ: സംഗീത. സഹോദരി: അഞ്ജന (വിദ്യാർഥിനി, വിദ്യ എൻജിനീയറിംഗ് കോളേജ്, തൃശൂർ). അപകടത്തിനിടയാക്കിയ ബസ് ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.